കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍.
ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. ഫോണില്‍ നിന്നും 12 പേരുടെ ചാറ്റുകള്‍ ദിലീപ് നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ല. ബാലചന്ദ്ര കുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചതെന്നും ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഫോണുകള്‍ പരിശോധനയ്‌ക്ക് അയക്കുന്ന സമയത്ത് വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണ്. ദാസന്‍ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊറോണയായിരുന്നു. കൊറോണ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയാണ് ദാസിനെ കൊണ്ട് മൊഴി നല്‍കിച്ചതെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.