കോട്ടയം: പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്റെ പ്രതിഫലമായി അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച ഗെയിന്‍ പി.എഫ് (ഗവണ്മെന്റ്– എയ്ഡഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍.
കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുകൂടിയായ കണ്ണൂര്‍ തളിക്കാവ് അശ്വതി അപ്പാര്‍ട്മെന്റ് വിസ്മയയില്‍ ആര്.വിനോയ് ചന്ദ്രനെയാണ് (42) കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് നല്‍കുന്നത് അതത് ജില്ലകളിലെ ഗെയിന്‍ പി.എഫ് നോഡല്‍ ഓഫിസര്‍മാരാണ്. അവരുടെ അധികാരം പരിധിക്കുപുറത്തുള്ള പോരായ്മകള്‍ സംസ്ഥാന നോഡല്‍ ഓഫിസറാണ് പരിഹരിക്കേണ്ടത്. ഈ ചുമതലയായിരുന്നു ആര്.വിനോയ് ചന്ദ്രന്.
പരാതിക്കാരിയായ അധ്യാപികയുടെ പ്രോവിഡന്റ് ഫണ്ടിലേക്ക് ശമ്ബളത്തില്‍നിന്ന് അടച്ച തുക ക്രെഡിറ്റ് കാര്‍ഡില്‍ 2018 മുതല്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുമൂലം ഭവനവായ്പ എടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഗെയിന്‍ പി.എഫ് സംസ്ഥാന നോഡല്‍ ഓഫിസറായ വിനോയ് ചന്ദ്രന് ഇവര്‍ അപേക്ഷ നല്കി. എന്നാല്‍, വിനോയ് ഒരുമാസത്തോളം ഇത് തടഞ്ഞുവെച്ചതായി വിജിലന്‍സ് പറയുന്നു.
തീരുമാനം നീണ്ടതോടെ അധ്യാപിക ഫോണില്‍ വിനോയ് ചന്ദ്രനെ ബന്ധപ്പെട്ടു. എന്നാല്‍, വാട്സ് ആപ്പില്‍ വിഡിയോകോള്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക വിസമ്മതിച്ചു. ഇതോടെ വിനോയ് ചന്ദ്രന് ഫയല്‍ തീര്‍പ്പാക്കാതെ തടഞ്ഞുവെച്ചു. വായ്പ തുക ലഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടതോടെ അധ്യാപിക വിനോയ് ചന്ദ്രനെ വീണ്ടും ഫോണില്‍ വിളിച്ചു. കോട്ടയത്ത് ഹോട്ടലില്‍ മുറി എടുക്കുമെന്നും വന്നാല്‍ ക്രെഡിറ്റ് കാര്‍ഡിലെ പോരായ്മകള്‍ ശരിയാക്കിത്തരാമെന്നും പറഞ്ഞു. ഇതോടെ അധ്യാപിക വിവരങ്ങള്‍ കാണിച്ച് കോട്ടയം വിജിലന്‍സ് പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന് പരാതി നല്കി.
ഇതിനിടെ, നിരന്തരം വാട്സ്ആപ്പിലൂടെ വിനോയ് ശല്യം ചെയ്യുകയായിരുന്നു. പലതവണ ലൈംഗിക ആവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യചിത്രങ്ങള്‍ അധ്യാപികയുടെ വാട്സ് ആപ്പിലേക്ക് അയച്ചതായി പരാതിയില്‍ പറയുന്നു. ഇതിനൊടുവില്‍ 15 ദിവസം മുമ്ബ് തകരാര്‍ പരിഹരിച്ചു. ഇതിനുശേഷം ഇവര്‍ക്ക് ഭവനവായ്പ ലഭിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും‘ വേണമെന്ന് പറയുകയും ശേഷം നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
ബുധനാഴ്ച വൈകീട്ടോടെ കോട്ടയത്തെ ഹോട്ടലില്‍ വിനോയ് ചന്ദ്രന് മുറി എടുക്കുകയും അധ്യാപികയോട് വ്യാഴാഴ്ച രാവിലെ 11ഓടെ റൂമില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇട്ടിരിക്കുന്ന ഷര്‍ട്ട് മുഷിഞ്ഞുപോയതിനാല്‍ 44 സൈസിലുള്ള ഒരു പുതിയ ഷര്‍ട്ടുകൂടി വാങ്ങിക്കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ 11ഓടെ എത്തിയ അധ്യാപികയുടെ കൈയില്‍ ഫിനോഫ്തലിന്‍ പുരട്ടിയ ഷര്‍ട്ട് വിജിലന്‍സ് നല്കി. തുടര്‍ന്ന്, അധ്യാപിക വിനോയ് ചന്ദ്രന് താമസിച്ച മുറിയില്‍ പ്രവേശിച്ച് ഷര്‍ട്ട് കൈമാറി. അല്പസമയത്തിനകം തൊട്ടടുത്ത മുറികളിലും മറ്റും ഉണ്ടായിരുന്ന വിജിലന്‍സ് സംഘം വിനോയ് ചന്ദ്രനെ പിടികൂടുകയാണുണ്ടായത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.