കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് വീണ്ടും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയാകുന്നത്.
പിണറായി വിജയന് അഞ്ചും വി.എസ് അച്യുതാനന്ദന് മൂന്നും തവണ സെക്രട്ടറിയായിട്ടുണ്ട്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്.
2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
മകന് ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസ് ഉണ്ടായതിനെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. അസുഖത്തെ തുടര്‍ന്നാണ് അവധി എടുത്തതെന്നായിരുന്നു വിശദീകരണം. ആ കാലയളവില്‍ എ.വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചത്.
88 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.എം വര്‍ഗീസ്, എ.വി റസല്‍, ഇ.എന്‍ സുരേഷ്ബാബു, സി.വി വര്‍ഗീസ്, പനോളി വത്സന്, രാജു എബ്രഹാം, എ.എ റഹീം, വി.പി സാനു, ഡോ. കെ.എന്‍ ഗണേഷ്, കെ.എസ് സലീഖ, കെ.കെ ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര് കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തു. പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ പുറത്തുപോകേണ്ടിവന്ന വൈക്കം വിശ്വന്, പി.കരുണാകരന്, ആനത്തലവട്ടം ആനന്ദന്, കെ.ജെ തോമസ്, എം.എം മണി എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി തെരഞ്ഞെടുത്തു.
കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍നിന്നും നേരിട്ട് രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സമിതിയില്‍ എത്തി. ക്ഷണിതാവായാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തിയത്. ബിജു കണ്ടക്കൈയാണ് മറ്റൊരു ക്ഷണിതാവ്.
എന്‍.ചന്ദ്രന് കണ്‍വീനറായി അഞ്ചംഗ കണ്ട്രോന്‍ കമ്മീഷനെയും തെരഞ്ഞെടുത്തു. കെ.വി അബ്ദുള്‍ ഖാദര്‍, സി. അജയകുമാര്‍, എസ്. ജയമോഹന്, അഡ്വ. പുഷ്പദാസ് എന്നിവരാണ് അംഗങ്ങള്‍.