തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വര്‍ഷത്തെ നിയമസഭാ നടപടികള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ ഏതാനും മണിക്കൂര്‍ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി.
നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. എന്നാല്‍ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പായി സമാധാനമായി ഇരിക്കാന്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റതോടെ ഗവര്‍ണര്‍ ക്ഷുഭിതനാവുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തേയ്ക്ക് പോയി സഭാ പ്രവേശനകവാടത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു.
ദിവസങ്ങള്‍ക്കുമുന്‍പ് ഗവര്‍ണറുടെ അഡിഷണല്‍ പി.എ ആയി ബി.ജെ.പി സംസ്ഥാനസമിതി അംഗം ഹരി എസ്. കര്‍ത്തയെ നിയമിച്ചുള്ള ഉത്തരവിനൊപ്പം സര്‍ക്കാരിന്റെ വിയോജിപ്പും അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ നല്‍കിയ കത്താണ് കഴിഞ്ഞ ദിവസം ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
ഇന്നലെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയിട്ടും വഴങ്ങിയില്ല.ഒടുവില്‍ വിശ്വസ്തനായ ജ്യോതിലാലിനെ അടിയന്തരമായി നീക്കി സര്‍ക്കാരിന് ഗവര്‍ണറെ മെരുക്കേണ്ടി വന്നു. വൈകിട്ട് ഇതിന്റെ ഉത്തരവെത്തിയശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന് അനുമതി നല്‍കിയത്. സഭ ഇന്ന് ചേരാനാവാതെ വരുമോയെന്ന ആശങ്ക ഉടലെടുത്തതോടെയാണ് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാരും ഇടതുമുന്നണിയും അടിയന്തര നീക്കങ്ങള്‍ നടത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷനാണ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായതെന്നാണ് രാജ്ഭവന്‍ പറയുന്നത്.