തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ തിരുവനന്തപുരം സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭേദഗതിക്കെതിരായ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍ ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കിയത്. ഓര്‍ജര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന് മറുപടി നല്‍കാന്‍ നിര്‍ദേശിച്ച ഹര്‍ജി അടുത്ത മാസം ഏഴിലേയ്ക്ക് മാറ്റി.
അഴിമതിക്കേസില്‍ പൊതുപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവരെ പദവിയില്‍ നിന്നു നീക്കം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്ന നിയമവ്യവസ്ഥ നീക്കിയാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. പൊതുപ്രവര്‍ത്തകര്‍ അഴിമതിക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി വിധി പറഞ്ഞാലും അതു നടപ്പാക്കണോയെന്നാണ് സര്‍ക്കാരിന് തീരുമാനിക്കാം. ഭേദഗതി ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചപ്പോഴാണ് ഭേദഗതി പ്രകാരം സര്‍ക്കാരും മറ്റും ഏടുക്കുന്ന തീരുമാനങ്ങള്‍ ഹര്‍ജിയിലെ അന്തിമ വിധിയിക്കു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.