Blog Post

Karanavars > News > Keralam > കായികമേഖലയിൽ അവഗണന; ബിജെപി വിടാനൊരുങ്ങി പത്മിനി തോമസ് 

കായികമേഖലയിൽ അവഗണന; ബിജെപി വിടാനൊരുങ്ങി പത്മിനി തോമസ് 

അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിടുന്നു. പത്മജ വേണുഗോപാലിന് പിന്നാലെ ഇന്ന് രാജിക്കത്ത് നൽകുമെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പോർട്സിനോടുള്ള താൽപര്യം കണ്ടാണ് ബിജെപിയിലേക്ക് പോയതെങ്കിലും കേരളത്തിലടക്കം ഈ മേഖലയിൽ ഒന്നും ചെയ്യാൻ അവസരം ലഭിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് പാർട്ടി കാണിച്ചില്ലെന്നും ബിജെപിയിലേക്ക് മാറിയത് തന്റെ എടുത്തുചാട്ടമായിരുന്നുവെന്നും ആ തീരുമാനത്തിൽ ഇപ്പോൾ വിഷമമുണ്ടെന്നും പത്മിനി പറഞ്ഞു.

അഞ്ചുവർഷം സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്ത് ഉണ്ടായിട്ടും പാർട്ടി അത് പ്രയോജനപ്പെടുത്തിയില്ലെന്ന് അവർ ആരോപിച്ചു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരുവനന്തപുരം കോർപറേഷനിൽ പാളയത്ത് മത്സരിക്കാൻ നിർത്തുകയായിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽ പോലും പ്രാതിനിധ്യം നൽകിയില്ലെന്നും പല യോഗങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും പരാതിപ്പെട്ടെങ്കിലും നേതൃത്വം പരിഗണിച്ചില്ലെന്നും പത്മിനി വ്യക്തമാക്കി.

പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചതെന്ന് പത്മിനി തോമസ് പറഞ്ഞു. അന്ന് കെപിസിസി പ്രസിഡന്റുമായുണ്ടായ ചെറിയ തർക്കമാണ് ബിജെപിയിലേക്ക് പോകാൻ ഇടയാക്കിയതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ അവസരം വേണമെന്നും അവർ കൂട്ടിച്ചേർത്തു. യാതൊരു സ്ഥാനമാനങ്ങളും പ്രതീക്ഷിക്കാതെയാണ് കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നും ഒരു സാധാരണ പ്രവർത്തകയായി തുടർന്ന് സ്പോർട്സിനായി നല്ല കാര്യങ്ങൾ ചെയ്യുമെന്നും അവർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *