Blog Post

Karanavars > News > Health > ഓപ്പറേഷൻ സൈ ഹണ്ട്: കോഴിക്കോട് ജില്ലയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ സൈബർ തട്ടിപ്പ് കേസ്; എട്ട് പേർ അറസ്റ്റിൽ

ഓപ്പറേഷൻ സൈ ഹണ്ട്: കോഴിക്കോട് ജില്ലയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ സൈബർ തട്ടിപ്പ് കേസ്; എട്ട് പേർ അറസ്റ്റിൽ

സൈബർ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന ‘മ്യൂൾ അക്കൗണ്ട്’ ശൃംഖലയെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ സൈ ഹണ്ടി’ന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എട്ട് പേർ അറസ്റ്റിലായി. ഇന്നലെ സിറ്റി, റൂറൽ പൊലീസ് പരിധികളിലായി നടത്തിയ വ്യാപക പരിശോധനയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിശോധന ഇന്നും തുടരുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് റൂറൽ പരിധിയിൽ 23 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടകര പൊലീസിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. വടകര മേഖലയിൽ മാത്രം 21 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സിറ്റി പൊലീസ് പരിധിയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജില്ലയിലാകെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്തിയ 28 പേർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. വൻ കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും തട്ടിപ്പുകാർക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. ബാങ്ക് രേഖകളും അക്കൗണ്ടുകളും മറ്റുള്ളവർക്ക് കൈമാറുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും റൂറൽ എസ്പി മെറിൻ ജോസഫ് മുന്നറിയിപ്പ് നൽകി.

Leave a comment

Your email address will not be published. Required fields are marked *