Blog Post

Karanavars > News > Court > രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് മാവേലിക്കര കോടതിയുടെ സമൻസ്

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് മാവേലിക്കര കോടതിയുടെ സമൻസ്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയ്ക്ക് തിരിച്ചടി. കേസിൽ ഡിസംബർ രണ്ടിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആർ. ശ്രീലേഖയോട് മാവേലിക്കര കോടതി ഉത്തരവിട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട ഹർജി പരിഗണിച്ചാണ് ഇന്ന് കോടതി നോട്ടീസ് അയച്ചത്.

കഴിഞ്ഞ ഒക്ടോബർ 14-ന് കൊല്ലം പുനലൂരിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവേയായിരുന്നു ആർ. ശ്രീലേഖ വിവാദമായ രാഷ്ട്രീയ പ്രസംഗം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് എന്നായിരുന്നു ശ്രീലേഖയുടെ അധിക്ഷേപം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

ശ്രീലേഖയുടെ പരാമർശത്തിനെതിരെ സംസ്ഥാന പൊലീസിന് വലിയ തോതിൽ പരാതികൾ ലഭിക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരം പുനലൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് മാവേലിക്കര കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. നേരത്തെ നൽകിയ വക്കീൽ നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോയത്. വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയ്‌ക്കെതിരെ കോടതി നേരിട്ട് ഹാജരാകാൻ നിർദേശിച്ചതോടെ കേസ് ഇനി നിയമപോരാട്ടത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *