Blog Post

Karanavars > News > Frauad > കള്ളനോട്ട് കേസ്: സിബിയോണിന്റെ ഭാര്യ ബിൻസിയും പ്രതിപ്പട്ടികയിൽ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം

കള്ളനോട്ട് കേസ്: സിബിയോണിന്റെ ഭാര്യ ബിൻസിയും പ്രതിപ്പട്ടികയിൽ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം

കൊല്ലം നഗരത്തെ നടുക്കിയ കള്ളനോട്ട് നിർമാണ കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നു. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം, മുഖ്യപ്രതി കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിന്റെ ഭാര്യ ബിൻസിയെക്കൂടി പ്രതിയാക്കാൻ തീരുമാനിച്ചു. ഇന്ന് ഇവർക്കെതിരെയുള്ള വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അന്വേഷണസംഘം ബിൻസിയെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവരുടെ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ ഒരു കോടിയിലധികം രൂപയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.

ബാങ്ക് അക്കൗണ്ടിൽ വന്ന കോടികളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചിട്ടി നടത്തി ലഭിച്ച പണമാണെന്നാണ് ബിൻസി മറുപടി നൽകിയത്. എന്നാൽ ഈ മൊഴി അന്വേഷണ സംഘത്തിന് തൃപ്തികരമല്ല. സിബിയോണിന്റെയും ബിൻസിയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ള കോടിക്കണക്കിന് രൂപയുടെ സംശയകരമായ ഇടപാടുകളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ഇരുവരും പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിൻസിയെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. ബിൻസി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

കൂടാതെ, തട്ടിപ്പിലൂടെ സമ്പാദിച്ചതും നിയമവിരുദ്ധമായി ട്രാൻസ്ഫർ ചെയ്തതുമായ പണം സൂക്ഷിച്ചിരിക്കുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയിട്ടുണ്ട്. കേസിൽ ആദായനികുതി വകുപ്പ്, ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണ സാധ്യതയും അന്വേഷണ സംഘം തേടുന്നുണ്ട്. കഴിഞ്ഞ മാസം ഒക്ടോബർ 16-ന് സിബിയോണിനെ ആശ്രാമത്തുനിന്നും തട്ടിക്കൊണ്ടുപോയെന്ന ഭാര്യ ബിൻസിയുടെ പരാതിയെ തുടർന്നാണ് കേസിലെ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുന്നത്.

തട്ടിക്കൊണ്ടുപോകൽ അന്വേഷണത്തിന്റെ ഭാഗമായി സിബിയോണിന്റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ കള്ളനോട്ട് നിർമാണ സാമഗ്രികളും, പ്രിന്ററുകളും, തിമിംഗല ഛർദ്ദിയും (ആംബർഗ്രിസ്), വൻതോതിൽ സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. സിബിയോണ് ഉത്തരേന്ത്യൻ കള്ളപ്പണ സംഘങ്ങളുമായും ഹവാല സംഘങ്ങളുമായും ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ബിൻസിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ കർശന നടപടികളിലേക്ക് അടുത്ത ദിവസങ്ങളിൽ തന്നെ അന്വേഷണസംഘം കടന്നേക്കും.

Leave a comment

Your email address will not be published. Required fields are marked *