Blog Post

Karanavars > News > Court > റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടത്തിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ

റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടത്തിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ

റെയിൽവേ ട്രാക്ക് അതിക്രമിച്ചു മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രൈബ്യൂണൽ സുപ്രധാന ഉത്തരവിറക്കിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ സമർപ്പിച്ച ഹർജി തള്ളിയാണ് ട്രൈബ്യൂണലിന്റെ ഈ നടപടി. ട്രൈബ്യൂണലിന്റെ വിധിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

കൊല്ലം-എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കാരണം ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റതാണെന്നും അതിനാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു തോമസ് ജോണിന്റെ വാദം. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘനാൾ ചികിത്സ തേടേണ്ടി വന്നതായും തോമസ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, കൃത്യമായ തെളിവുകളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ റെയിൽവേ അധികൃതർ ഈ വാദം തള്ളി. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്ന മെമു ട്രെയിനിൽ കയറാനായി തോമസ് ജോൺ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് വന്ന ശബരി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നുവെന്ന് തെളിവുസഹിതം റെയിൽവേ കോടതിയിൽ വ്യക്തമാക്കി. ഫുട് ഓവർ ബ്രിഡ്ജ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭ്യമായിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ നടക്കുന്നത് അപകടം ഇരന്നുവാങ്ങുന്നതിന് തുല്യമാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം സംഭവിക്കുന്ന അപകടങ്ങൾക്ക് റെയിൽവേ ഉത്തരവാദിയല്ലെന്നും യഥാർത്ഥ ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെടുന്നവർക്ക് മാത്രമേ സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുള്ളൂവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി ഹർജി പൂർണ്ണമായും തള്ളുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *