Blog Post

Karanavars > News > Frauad > പെട്രോളില്‍ എഥനോള്‍ 31% വരെ: കര്‍ണ്ണാടക സര്‍ക്കാര്‍ ആരോപണത്തില്‍ പ്രതിരോധത്തിലായി കേന്ദ്ര എണ്ണ കമ്പനികള്‍

പെട്രോളില്‍ എഥനോള്‍ 31% വരെ: കര്‍ണ്ണാടക സര്‍ക്കാര്‍ ആരോപണത്തില്‍ പ്രതിരോധത്തിലായി കേന്ദ്ര എണ്ണ കമ്പനികള്‍

പമ്പുകളിൽനിന്ന് വിതരണം ചെയ്യുന്ന പെട്രോളില്‍ അനുവദനീയമായ പരിധിയേക്കാൾ എഥനോള്‍ കലർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കർണാടക സർക്കാർ രംഗത്തെത്തി. നിയമാനുസൃതമായ 20 ശതമാനത്തിന് പകരം 31.2 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്നാണ് ലബോറട്ടറി പരിശോധനയിലൂടെ കണ്ടെത്തിയത്. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടതായി കർണാടക ഭക്ഷ്യ വിൽപന മന്ത്രി കെ. എച്ച്. മുനിയപ്പയും കൺസ്യൂമർ അഫയേഴ്‌സ് മന്ത്രി റിസ്‌വാൻ അർഷാദും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്നലെ ബംഗളൂരുവിൽ മാധ്യമങ്ങളെ കണ്ട മന്ത്രിമാർ, സംസ്ഥാനത്തുടനീളമുള്ള 63 പമ്പുകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ നാഷണൽ ടെസ്റ്റിംഗ് ബോർഡിന്റെ (NABL) അംഗീകാരമുള്ള ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് തെളിഞ്ഞതെന്ന് അറിയിച്ചു. പ്രധാന എണ്ണക്കമ്പനികളായ ഐഒസിഎൽ (IOCL), എച്ച്പിസിഎൽ (HPCL) എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 31.2%, 30.5% എന്നിങ്ങനെ ഉയർന്ന അളവിൽ എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

നിർദ്ദിഷ്ട പരിധി കവിഞ്ഞ് എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിന്റെ ആയുസ്സിനെയും പ്രവർത്തനക്ഷമതയെയും സാരമായി ബാധിക്കും. പഴയ മോഡൽ വാഹനങ്ങളിൽ ഉയർന്ന അളവിലുള്ള എഥനോൾ ഉപയോഗം എഞ്ചിൻ ഭാഗങ്ങൾ നശിക്കാനും മൈലേജ് കുത്തനെ കുറയാനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഓടുന്ന 99 ശതമാനം വാഹനങ്ങളും E20 പരിധിക്കപ്പുറമുള്ള ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമല്ല എന്നിരിക്കെ ഇത്രയും ഉയർന്ന തോതിൽ എഥനോൾ കലർത്തുന്നത് വാഹന ഉടമകളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.

ഈ വിഷയം മുൻനിർത്തി പൊതുജനങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് പരിഹാരം കാണണമെന്നും എണ്ണക്കമ്പനികളുടെ ഈ വഞ്ചനയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇന്ധന പരിശോധന തുടരുമെന്നും കണ്ടെത്തുന്ന വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *