Blog Post

Karanavars > News > crime > അഭിറാം കൊലക്കേസ്: മൃതദേഹം കായലിൽ തള്ളാൻ പദ്ധതിയിട്ടു; തടസ്സമായത് കനത്ത മഴ, ചാക്ക് വാങ്ങിയ 17-കാരനെ ആക്രിക്കടയുടമ തിരിച്ചറിഞ്ഞു

അഭിറാം കൊലക്കേസ്: മൃതദേഹം കായലിൽ തള്ളാൻ പദ്ധതിയിട്ടു; തടസ്സമായത് കനത്ത മഴ, ചാക്ക് വാങ്ങിയ 17-കാരനെ ആക്രിക്കടയുടമ തിരിച്ചറിഞ്ഞു

പാങ്ങപ്പാറയിലെ പതിനേഴുകാരനായ അഭിറാമിന്റെ അരുംകൊലയിൽ നിർണായകവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ആക്കുളം കായലിൽ തള്ളാനായിരുന്നു പ്രതികളുടെ പ്രധാന പദ്ധതി എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനായി ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങിയ പ്രധാന പ്രതിയായ പതിനേഴുകാരനെ ആക്രിക്കട ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി കായലിലേക്ക് മാറ്റാൻ പ്രതികൾ ശ്രമിച്ചെങ്കിലും കനത്ത മഴയും പ്രദേശത്തെ ജനസാന്നിധ്യവും പദ്ധതിക്ക് തടസ്സമാവുകയായിരുന്നു. ഇതോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കരിയില മൂടി ഉപേക്ഷിച്ച് പ്രതികൾ മടങ്ങിയത്.

കൊലപാതകം തനിച്ച് നടത്തിയതല്ലെന്നും ഇരട്ടക്കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതികൾ നീങ്ങിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അഭിറാമിനെ കൂടാതെ മറ്റൊരു സുഹൃത്തിനെക്കൂടി ലൊക്കേഷനിലേക്ക് വിളിച്ചുവരുത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ആ സുഹൃത്ത് വരാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നുണ്ടായ തർക്കവും ക്രൂരമായ മർദ്ദനവുമാണ് അഭിറാമിന്റെ ജീവനെടുത്തത്. കേസിൽ രണ്ടാം പ്രതി ഉമർ മുഫ്താറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അടക്കം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതക വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 16 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കൊല്ലപ്പെട്ട അഭിറാമിന്റെ അപ്രത്യക്ഷമായ ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാനും പ്രതികൾ എറിഞ്ഞുകളഞ്ഞെന്ന് അവകാശപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനുമുള്ള തിടുക്കത്തിലാണ് പോലീസ്.

Leave a comment

Your email address will not be published. Required fields are marked *