റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വൻകിട ബാങ്ക് തട്ടിപ്പ് കേളുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ 510.17 കോടി രൂപ വിലമതിക്കുന്ന പുതിയ ആസ്തികൾ കണ്ടുകെട്ടിയതായി ചൊവ്വാഴ്ച ഇ.ഡി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇ.ഡി ഇതുവരെ നടപ്പാക്കിയ മൊത്തം കണ്ടുകെട്ടൽ നടപടികളുടെ മൂല്യം 23,100 കോടി രൂപ കടന്നു.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നീ കമ്പനികളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 263.05 കോടി രൂപയുടെ ആസ്തികളും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (RCom) ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ 247.12 കോടി രൂപയുടെ ആസ്തികളുമാണ് പുതിയതായി ഇ.ഡി കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, വിവിധ സ്ഥലങ്ങളിലെ ഭൂമി, ഓഫീസ് സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്നു.
വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നും വായ്പയായി സ്വീകരിച്ച വൻ തുക കമ്പനികളുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് സഹോദര സ്ഥാപനങ്ങളിലേക്ക് നിയമവിരുദ്ധമായി വകമാറ്റിയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തൽ. ഇത്തരത്തിൽ വകമാറ്റിയ തുകയുടെ വലിയൊരു ഭാഗം പ്രൊമോട്ടർമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിഗത നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് ഇ.ഡി വക്താക്കൾ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) കേസിൽ ഇതുവരെ 10 പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ആറോളം പ്രോസിക്യൂഷൻ പരാതികളും വിദേശ നാണയ നിയന്ത്രണ നിയമപ്രകാരം (FEMA) ഒരു കേസും ഏജൻസി കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസിൻ്റെ തുടർനടപടികൾ വേഗത്തിലാക്കുന്നത്. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം.