ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ‘ദി ഫൈനൽ വേഡ്’ എന്ന പോഡ്കാസ്റ്റിലൂടെയാണ് താരം തൻ്റെ തീരുമാനമറിയിച്ചത്. 14 വർഷത്തോളം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ഓസീസിനായി വൈറ്റ് ബോൾ ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾ തന്നെയാണ് മാക്സ്വെല്ലിനെ കായിക ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാക്കി മാറ്റിയത്. ആക്രമണാത്മക ബാറ്റിങ് ശൈലിയും മൈതാനത്തിന്റെ എതു കോണിലേക്കും പന്ത് പറത്താനുള്ള വിചിത്ര ഷോട്ടുകളും കൊണ്ട് ആരാധകർ ‘ബിഗ് ഷോ’ എന്ന് സ്നേഹത്തോടെ വിളിച്ച മാക്സ്വെൽ ഓസ്ട്രേലിയക്കായി 149 ഏകദിനങ്ങളിലും 130 ടി20 മത്സരങ്ങളിലും 7 ടെസ്റ്റുകളിലും ജേഴ്സിയണിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7200-ലധികം റൺസും 136 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 സെഞ്ച്വറികൾ നേടിയ താരം ഈ നേട്ടത്തിൽ ലോക ക്രിക്കറ്റിലെ മുൻനിരയിലാണ്. ഓസ്ട്രേലിയയുടെ സുവർണ്ണ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച മാക്സ്വെൽ 2015, 2023 ഏകദിന ലോകകപ്പ് നേടിയ ടീമുകളിലും 2021-ലെ ടി20 ലോകകപ്പ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു. പ്രത്യേകിച്ച് 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തളർന്നു വീണിട്ടും പൊരുതി നേടി പുറത്താകാതെ നേടിയ 201 റൺസ് ഇരട്ട സെഞ്ച്വറി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.
ശരീരത്തിന് കൂടുതൽ വിശ്രമം നൽകാനും ലോകമെമ്പാടുമുള്ള ലീഗ് ഫ്രാഞ്ചൈസി മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിക്ടോറിയയ്ക്കായുള്ള റെഡ് ബോൾ മത്സരങ്ങളിൽ നിന്നും വിരമിക്കുന്നതെന്ന് 38-കാരനായ താരം വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഒമാനെതിരെയാണ് മാക്സ്വെൽ അവസാനമായി ഓസ്ട്രേലിയക്ക് വേണ്ടി കളത്തിലിറങ്ങിയത്. ‘ദി ബിഗ് ഷോ’ ഇനി ഓസ്ട്രേലിയൻ കുപ്പായത്തിൽ ഉണ്ടാകില്ലെങ്കിലും, അദ്ദേഹം ക്രിക്കറ്റ് ഗ്രൗണ്ടിൽ തീർത്ത വിസ്മയങ്ങൾ ആരാധകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും.