Blog Post

Karanavars > News > GlobalDisaster > തീരങ്ങളിൽ നാശം വിതച്ച് ‘അർണബ്’: ആന്ധ്രയിലും ഒഡീഷയിലും   കനത്ത ജാഗ്രത

തീരങ്ങളിൽ നാശം വിതച്ച് ‘അർണബ്’: ആന്ധ്രയിലും ഒഡീഷയിലും   കനത്ത ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് കരതൊട്ടു. മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്തേക്ക് അടിച്ചുകയറിയത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിനും കാക്കിനടക്കും സമീപമാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം കരതൊട്ടതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി മുതൽ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് തീരദേശ മേഖലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശാഖപട്ടണം, കാക്കിനട, യനം തുടങ്ങിയ പ്രദേശങ്ങളിൽ കൂറ്റൻ മരങ്ങൾ വേരോടെ കടപുഴകി വീഴുകയും നിരവധി വൈദ്യുത തൂണുകൾ തകരുകയും ചെയ്തു. വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടതോടെ പല ഗ്രാമങ്ങളും ഇരുട്ടിലായി. ശക്തമായ തിരമാലകളെ തുടർന്ന് തീരത്ത് നിർത്തിയിട്ടിരുന്ന നിരവധി മീൻപിടിത്ത ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ആന്ധ്രപ്രദേശിൽ ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ദുരന്തസാഹചര്യം മുൻനിർത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെയും നേതൃത്വത്തിൽ അതിവിപുലമായ മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനങ്ങളുമാണ് സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നത്. അപകടസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് ഇതിനകം സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. സ്ഥിതിഗതികൾ നേരി നേരിട്ട് വിലയിരുത്താൻ ഒഡീഷയിൽ എട്ട് സംസ്ഥാന മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും (NDRF, ODRAF) കരസേനയും പൂർണ്ണ സജ്ജരായി രംഗത്തുണ്ട്.

സുരക്ഷ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി 70-ലധികം ദീർഘദൂര ട്രെയിൻ സർവീസുകൾ റെയിൽവേ പൂർണ്ണമായും റദ്ദാക്കി. വിശാഖപട്ടണം, വിജയ്വാഡ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ നിർത്തിവെച്ചു. ഒഡീഷയിലും ആന്ധ്രയിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അതീവ ജാഗ്രത തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *