സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ നടത്തിയ വലിയ തോതിലുള്ള മിസൈൽ ആക്രമണ ശ്രമം സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വിജയകരമായി തകർത്തു. തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെയും രാജ്യത്തിന്റെ തെക്കൻ അതിർത്തി പ്രദേശങ്ങളെയും ലക്ഷ്യമിട്ട് തൊടുത്തുവിട്ട 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലുമാണ് സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് പൂർണ്ണമായും നശിപ്പിച്ചത്. റിയാദിലും ഖമീസ് മുഷൈത്തിലും അഹദ് റാഫിദയിലും ആക്രമണശ്രമം നടന്ന് മണിക്കൂറുകൾക്കകം സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കി.
ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം, സൗദിയുടെ സുരക്ഷയ്ക്കും പ്രദേശവാസികളുടെ ജീവനും നേരിട്ട് ഭീഷണിയുയർത്തുന്ന വിധത്തിലായിരുന്നു ഹൂതി മിലീഷ്യകൾ മിസൈലുകൾ വിക്ഷേപിച്ചത്. എന്നാൽ അത്യാധുനിക പേട്രിയറ്റ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവെയല്ലാം ആകാശത്തുവെച്ച് തടയാൻ സഖ്യസേനയ്ക്ക് കഴിഞ്ഞതായി സൈനിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ഖമീസ് മുഷൈത്തിലും അഹദ് റാഫിദയിലും തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരനും ഏഷ്യൻ വംശജനുമായ രണ്ടുപേർക്ക് നിസ്സാര പരിക്കേൽക്കുകയും മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണ ഭീഷണിയെത്തുടർന്ന് നജ്‌റാൻ, അൽ സുലൈയിൽ പ്രദേശങ്ങളിൽ നൽകിയിരുന്ന ജാഗ്രതാ നിർദേശം മിസൈലുകൾ തകർത്തതോടെ സിവിൽ ഡിഫൻസ് പിൻവലിച്ചു.
തുടർന്ന് ഇന്ന് സൻആയിൽ പ്രവർത്തിച്ചിരുന്ന ഹൂതികളുടെ രണ്ട് പ്രധാന മിസൈൽ ലോഞ്ചറുകൾ ശക്തമായ പ്രത്യാക്രമണത്തിലൂടെ തകർത്തതായി മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. റിയാദിലേക്ക് മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിച്ച കേന്ദ്രമടക്കമാണ് സഖ്യസേന തകർത്തത്. ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ പതിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും സ്ഫോടനങ്ങളുടെയോ പ്രതിരോധ പ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി.
മക്ക, മദീന മേഖലകളെ ലക്ഷ്യമാക്കിയും സമീപ ദിവസങ്ങളിൽ ഹൂതി ആക്രമണശ്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, സൗദി അതിർത്തി പ്രദേശങ്ങളിലുടനീളം സുരക്ഷയും നിരീക്ഷണവും അതിശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷിക്കാൻ ഏതൊരു ഭീഷണിയെയും അതിശക്തമായി നേരിടുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.