കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ നേരിയ തിരിച്ചു വരവ്. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചുവെങ്കിലും വില ഇപ്പോഴും ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്ക് താഴെ തന്നെയാണ് നിലകൊള്ളുന്നത്.
ഇന്ന് സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 1,04,680 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 15 രൂപയുടെ വർധനവ് ഉണ്ടായതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് 13,085 രൂപയിലെത്തി.
ഇന്നലെ പവന് 80 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും വിലയിൽ ഈ മുന്നേറ്റം തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം താഴ്ന്ന ശേഷമാണ് വിപണിയില്‍ ഈ ചെറിയ മാറ്റം പ്രകടമാകുന്നത്. ആഗോള വിപണിയിലെ വൻ മാറ്റങ്ങളും അന്താരാഷ്ട്ര എണ്ണവിലയുമാണ് നിലവില്‍ സ്വര്‍ണവില പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ വില നിലവിൽ ബാരലിന് 114 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. എണ്ണവില ഉയർന്ന നിരക്കിൽ നിൽക്കുന്നത് മൂലം ആഗോള തലത്തിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കാമെന്ന ആശങ്ക ശക്തമാണ്.
ഇതിന്റെ ഭാഗമായി പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചാൽ ഡോളർ കരുത്താർജ്ജിക്കുകയും ബോണ്ട് വരുമാനം കൂടുകയും ചെയ്യും. ഇത് നിക്ഷേപകർക്ക് സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇറക്കുമതി തീരുവ, വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ, അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ വരും ദിവസങ്ങളിലും സ്വര്‍ണവിലയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.