കൊല്ലം നഗരത്തെ ഞെട്ടിച്ച കള്ളനോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്. കള്ളനോട്ട് നിർമ്മാണ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലോക്കറിൽ നിന്നും കോടികൾ വിലമതിക്കുന്ന തിമിംഗലഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. കൊല്ലം കൈക്കുളങ്ങര സ്വദേശി സിബിയോണിന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ 10-ാം നമ്പർ ലോക്കറിൽ നിന്നാണ് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 25 കോടി രൂപ വിലവരുന്ന തിമിംഗലഛർദ്ദി പോലീസ് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പള്ളിത്തോട്ടം പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. തുടർന്ന് ലോക്കറിന്റെ പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിൽ ചാക്കുകെട്ടുകളിലായി നാല് കവറുകളിൽ സൂക്ഷിച്ച നിലയിൽ 22.460 കിലോഗ്രാം വരുന്ന തിമിംഗലഛർദ്ദി കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത തൊണ്ടിമുതൽ പിന്നീട് അഞ്ചലിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സിബിയോണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും, 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ചുവെച്ച പേപ്പർ കെട്ടുകളും, നോട്ട് എണ്ണുന്ന മെഷീനുകളും പോലീസ് പിടിച്ചെടുത്തത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കടൽ മാർഗ്ഗം ഇയാൾക്ക് ഇതിന്റെ ഉറവിടം എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളനോട്ട് കേസിന്റെ അന്വേഷണം നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കൈമാറിയിരിക്കുന്നത്. തിമിംഗലഛർദ്ദി കടത്തലിന് പിന്നിൽ അന്തർസംസ്ഥാന ബന്ധങ്ങളോ വലിയ കള്ളക്കടത്ത് സംഘങ്ങളോ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.