Blog Post

Karanavars > News > Keralam > വീണാ ജോർജിനെതിരായ കേസ്: തന്റെ പേരിലുള്ളത് കള്ളമൊഴിയെന്ന് വനിതാ SI ദീപ്തി; വൻ വഴിത്തിരിവ്

വീണാ ജോർജിനെതിരായ കേസ്: തന്റെ പേരിലുള്ളത് കള്ളമൊഴിയെന്ന് വനിതാ SI ദീപ്തി; വൻ വഴിത്തിരിവ്

മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കൂടുതൽ നിർണായക വെളിപ്പെടുത്തലുകളോടെ അന്വേഷണത്തിൽ വലിയ വഴിത്തിരിവ്. സംഭവസമയത്ത് മന്ത്രിയുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന മുൻ കണ്ണൂർ ടൗൺ വനിതാ എസ്.ഐ ദീപ്തിയാണ് കേസിൽ തന്റേതെന്ന പേരിൽ രേഖപ്പെടുത്തിയത് വ്യാജമൊഴിയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴിയിലാണ് വനിതാ ഉദ്യോഗസ്ഥ ഈ വെളിപ്പെടുത്തൽ നടത്തിയത്.

കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി അടിയേറ്റ് തെറിച്ചുപോയെന്ന തരത്തിൽ താൻ ഒരിക്കലും മൊഴി നൽകിയിട്ടില്ലെന്നും, ആദ്യ ഘട്ടത്തിൽ കേസ് അന്വേഷിച്ച സംഘം തന്റെ മൊഴിയെടുക്കാതെ കൃത്രിമമായി എഴുതിച്ചേർക്കുകയായിരുന്നു എന്നുമാണ് ദീപ്തി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുൻ ഗൺമാൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ന് വനിതാ എസ്.ഐയുടെ നിർണായക മൊഴിയും പുറത്തുവന്നിരിക്കുന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തത്. അന്നത്തെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് നേതാക്കൾ ഈ കേസുമായി ബന്ധപ്പെട്ട് 16 ദിവസത്തോളം കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നിരുന്നു.

എന്നാൽ, മുൻ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് താൻ അന്ന് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നു എന്ന് കള്ളമൊഴി നൽകിയതെന്ന് ഗൺമാൻ അഭിലാഷ് അടുത്തിടെ അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിക്കുകയുണ്ടായി. ഇതിനുപിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരായ കണ്ണൂർ ടൗൺ എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ പ്രകാശ്, സി.പി.ഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള യാതൊരുവിധ ആക്രമണവും നടന്നിട്ടില്ല എന്ന് അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിരുന്നു.

പ്രതിഷേധക്കാരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതോടെ വധശ്രമ വകുപ്പുകൾ ഒഴിവാക്കിയിരുന്നു. ഇപ്പോൾ തുടരന്വേഷണം നടത്തുന്ന എസ്.ഐ.ടിക്ക് മുന്നിൽ വനിതാ എസ്.ഐയും സത്യം വെളിപ്പെടുത്തിയതോടെ കേസിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചവർക്കുമേൽ നിഴൽ വീണിരിക്കുകയാണ്. കള്ളമൊഴി നൽകിയ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല നടപടിക്ക് എസ്.ഐ.ടി ഡി.ജി.പിക്ക് ഉടൻ റിപ്പോർട്ട് നൽകും. വ്യാജ പരാതി നൽകി വിദ്യാർത്ഥി നേതാക്കളെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *