പാറശാല റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു ബിലാസ്പൂർ–തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് തെക്കൻ കേരളത്തിലെ റെയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെയുണ്ടായ കനത്ത മഴയിലാണ് അപകടം സംഭവിച്ചത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായെങ്കിലും, റൂട്ടിലെ സർവീസുകൾ താറുമാറായിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് നാഗർകോവിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബിലാസ്പൂർ–തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണിലേക്ക് ഇടിച്ചുകയറിയ എൻജിന്റെ ചക്രങ്ങൾ പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നു. എൻജിന് പിന്നിലുണ്ടായിരുന്ന കോച്ചുകൾ പാളം തെറ്റാതിരുന്നതും ട്രെയിൻ വേഗത കുറച്ചതും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായകമായി. ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ട്രാക്കിലെ മണ്ണും ചെളിയും നീക്കം ചെയ്ത് പാത പഴയപടിയാക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പാത തടസ്സപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ഉൾപ്പെടെയുള്ള നിരവധി പാസഞ്ചർ സർവീസുകൾ ഇന്ന് പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. ഇതിനുപുറമേ, കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, നാഗർകോവിൽ ജംഗ്ഷൻ–പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ, പുനലൂർ–കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം സെൻട്രൽ–താമ്പരം എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്, പൂനെ–കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ നിരവധി സർവീസുകൾ വൈകുന്നുണ്ട്. പാത പൂർണ്ണമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കൂ എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.