Blog Post

Karanavars > News > International > ഹൂതി ആക്രമണം: സൗദിയിൽ 6 പേർക്ക് പരുക്ക്, റിയാദ് കിങ്ഡം സെന്റർ അടച്ചു

ഹൂതി ആക്രമണം: സൗദിയിൽ 6 പേർക്ക് പരുക്ക്, റിയാദ് കിങ്ഡം സെന്റർ അടച്ചു

ഇന്ന് ഗൾഫ് മേഖലയിൽ സുരക്ഷ ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയ്ക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ പരമ്പര. സൗദിയിലെ നജ്‌റാനിൽ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ആറുപേർക്ക് പരുക്കേറ്റു. മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. ആക്രമണത്തിൽ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

മേഖലയിൽ ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതിനെ തുടർന്ന് സൗദി അറേബ്യയുടെ പ്രതീകവും രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നുമായ 99 നിലകളുള്ള ‘റിയാദ് കിങ്ഡം സെന്റർ’ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടി. റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയ രണ്ടു ഹൂതി ഡ്രോണുകൾ കഴിഞ്ഞ ദിവസം സൗദി സഖ്യസേന വിജയകരമായി വെടിവച്ചിട്ടിരുന്നു.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളിൽ നിലവിൽ ഓൺലൈൻ വഴിയാണ് അധ്യയനം നടക്കുന്നത്. നഗരത്തിലെ പ്രധാന വിമാനത്താവളമായ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും അടഞ്ഞുതന്നെ കിടക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ റിയാദ്, ജിദ്ദ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവർ ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഇറങ്ങി റോഡ് മാർഗം സൗദിയിലേക്ക് എത്തണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. സൗദിയിലുള്ള മുഴുവൻ ഇൻഡ്യാക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും തദ്ദേശീയ അധികൃതർ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും എംബസി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *