Blog Post

Karanavars > News > Goverment > കെ.കെ. സുരേന്ദ്രന് നീതി: മുത്തങ്ങ കസ്റ്റഡി പീഡനത്തില്‍ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

കെ.കെ. സുരേന്ദ്രന് നീതി: മുത്തങ്ങ കസ്റ്റഡി പീഡനത്തില്‍ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വയനാട് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഒടുവില്‍ ഔദ്യോഗിക നീതി. അദ്ദേഹത്തിന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കിയത് ഇന്നലെയാണ്.

2003-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ മുത്തങ്ങ ആദിവാസി ഭൂസമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരിലാണ് കെ.കെ. സുരേന്ദ്രനെ പോലീസ് വേട്ടയാടുകയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. തുടര്‍ന്ന് വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തിയ അദ്ദേഹത്തെ പിന്നീട് സിബിഐ കുറ്റവിമുക്തനാക്കുകയായിരുന്നു. തനിക്ക് നേരിട്ട അപമാനത്തിനും ക്രൂരതയ്ക്കും എതിരെ സിവില്‍ കോടതിയെ സമീപിച്ച സുരേന്ദ്രന് അനുകൂലമായി 2021-ല്‍ കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്നത്തെ വിധിക്കെതിരെ സര്‍ക്കാരും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ പോവുകയായിരുന്നു.

തുടര്‍ന്ന് കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ കോടതി നഷ്ടപരിഹാര തുക 12.5 ലക്ഷം രൂപയായി ഉയര്‍ത്തി വിധിക്കുകയും, മേല്‍ക്കോടതികളില്‍ പോയി വീണ്ടും നീതി വൈകിപ്പിക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയുമാണ് ഉണ്ടായത്. അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ പി. വിശ്വംഭരന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ദേവരാജ് എന്നിവരാണ് ഈ ക്രൂരതയ്ക്ക് ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ നഷ്ടപരിഹാര തുക സര്‍ക്കാരിന് ബാധ്യതയാകാതെ, കുറ്റക്കാരായ മുന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ഉത്തരവിലുള്ളത്. തന്റെ നീണ്ട 23 വര്‍ഷത്തെ ഏകാന്തമായ നിയമപോരാട്ടത്തിന് ലഭിച്ച അംഗീകാരമായാണ് കെ.കെ. സുരേന്ദ്രന്‍ ഈ വിധിയെ കാണുന്നത്. മനുഷ്യവകാശ ലംഘനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമവ്യവസ്ഥ നല്‍കുന്ന ശക്തമായൊരു മുന്നറിയിപ്പ് കൂടിയായി മാറിയിരിക്കുകയാണ് ഈ ഉത്തരവ്.

Leave a comment

Your email address will not be published. Required fields are marked *