പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഹരിയാനയിലെ ഗുഡ്‌ഗാവിൽ സെക്ടർ 56-ലെ സെൻട്രൽ പാർക്ക് വിഹാറിലുള്ള വസതിയിൽ വെച്ചാണ് ഡൽഹി-ഗുഡ്‌ഗാവ് പോലീസിന്റെ സംയുക്ത സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിലെ ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഡൽഹി ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്നേഷ് കുമാറിനെതിരെ സംഘടിപ്പിച്ച ഈ പ്രതിഷേധ റാലിക്ക് ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷാ മുൻകരുതനങ്ങളും മുൻനിർത്തി അധികാരികൾ അനുമതി നൽകിയിരുന്നില്ല. റാലി തടയുന്നതിന്റെയും മുൻകരുതൽ നടപടികളുടെയും ഭാഗമായാണ് ഡൽഹി-ഗുഡ്‌ഗാവ് പോലീസ് സംയുക്തമായി ഈ കസ്റ്റഡി നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി ധ്രുവ് റാഠി എത്തിയേക്കുമെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ നിരന്തരം വീഡിയോകളും നിരീക്ഷണങ്ങളും പങ്കുവെക്കാറുള്ള ധ്രുവ് റാഠിയുടെ കസ്റ്റഡി വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.