കൊച്ചി കളമശ്ശേരിയിൽ യുവതിയെ ലഹരിനൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ശ്രീരാജ്, സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ചോളം യുവതികളെ അഭിമുഖത്തിന് വിളിച്ചുവരുത്തിയതായി പൊലീസ് കണ്ടെത്തി. ജോലിക്കെത്തുന്നവരെ തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്ത് അനാശാസ്യ പ്രവർത്തനങ്ങളിലേക്കും മറ്റും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ ലഹരി-ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ മുഖ്യപ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർക്ക് പുറമെ ഒളിവിൽ പോയി പിടികൂടിയ ശരണ്യ (അമ്മു), സഞ്ജു എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിമുഖത്തിനായി എത്തിയ യുവതിയെ ജോലിക്കെടുത്തു എന്ന് വിശ്വസിപ്പിച്ച് പിന്നീട് ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായ പീഡനം.
യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രതികളുടെ ഫോൺ രേഖകളും ചാറ്റുകളും പരിശോധിച്ചതിൽ നിന്ന് കൂടുതൽ ഇരകളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് ഏതെങ്കിലും ലഹരി സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും സ്പാ കേന്ദ്രങ്ങളുടെ മറവിൽ നടക്കുന്ന സമാന റാക്കറ്റുകളെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്നാണ് വിവരം.