ആലപ്പുഴ കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ട കേസിൽ, മുഖ്യ ആസൂത്രകയെന്ന് പോലീസ് കണ്ടെത്തിയ 13 വയസ്സുകാരിയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് പരിഗണിക്കും. കേസിൽ കൂട്ടുപ്രതികളായ മൂന്ന് ആൺകുട്ടികൾക്ക് നേരത്തെ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയും അഡ്വക്കേറ്റ് വഴി ജാമ്യാപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിൽ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചെന്നും, ഇത് മുത്തച്ഛനായ ശിവൻകുട്ടി ചെട്ടിയാർ കണ്ടതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. കേസിൽ അന്വേഷണവും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുന്നത്.
ആൺകുട്ടികൾക്കായി കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നെങ്കിലും, പെൺകുട്ടിയുടെ കാര്യത്തിൽ വീട്ടുകാർ ആരും ഇതുവരെ ഔദ്യോഗികമായി വക്കാലത്തുമായി മുന്നോട്ട് വന്നിട്ടില്ല. ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയാണ് പെൺകുട്ടിക്കായി അപേക്ഷ നൽകിയിട്ടുള്ളത്. കുട്ടിയുടെ സുരക്ഷയും കൗൺസലിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക. അന്വേഷണം പൂർത്തിയായതിനാൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.