Blog Post

Karanavars > News > police > അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും; മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബര്‍ക്ക് കുരുക്ക് മുറുകുന്നു

അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും; മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബര്‍ക്ക് കുരുക്ക് മുറുകുന്നു

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബറും ഫിലിം റിവ്യൂവറുമായ അശ്വന്ത് കോക്കിന് (അശ്വന്ത് അരുൺ) കുരുക്ക് മുറുകുന്നു. കേസിൽ തുടനടപടികളുടെ ഭാഗമായി ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇന്നലെ വൈകിട്ടോടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു വിവാദമായ ഈ അപകടം നടന്നത്.

അശ്വന്ത് കോക്ക് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടം വരുത്തിയിട്ടും നിർത്താതെ പോയ വാഹനത്തെ നാട്ടുകാരും മറ്റ് യാത്രികരും ചേർന്ന് തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമായി. ഇയാൾ ഓടിച്ച ജീപ്പിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

അപകടസ്ഥലത്ത് വെച്ച് നാട്ടുകാരോടും വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോടും അശ്വന്ത് കോക്ക് തട്ടിക്കയറിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. ലഹരിയിൽ വാഹനം ഓടിച്ച് പൊതുസ്ഥലത്ത് അപകടാവസ്ഥ സൃഷ്ടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടവിവരം പുറത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ ശൈലി കടമെടുത്തുകൊണ്ട് കേരള പൊലീസ് ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ട്രോൾ പോസ്റ്റും വലിയ രീതിയിൽ വൈറലായി മാറി. “ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും” എന്ന രീതിയിലുള്ള പൊലീസിന്റെ ബോധവൽക്കരണ പോസ്റ്റ് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, മദ്യപിച്ച് വാഹനമോടിച്ചതിന്റെ പശ്ചാത്തലത്തിൽ അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്കായി പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *