പഞ്ചാബിലെ ജലന്ധർ-ഫഗ്വാര ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (LPU) ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭവും സംഘർഷവും ക്യാമ്പസിനെ അശാന്തമാക്കിയിരിക്കുകയാണ്. സർവകലാശാലാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ വിദ്യാർത്ഥികൾ കനത്ത പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പഞ്ചാബ് പൊലീസ് 2,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് ക്യാമ്പസിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികൾ ദേശീയ പാത ഉപരോധിക്കുകയും ചില വാഹനങ്ങൾക്ക് തീയിടുകയും സർവകലാശാലാ ക്യാമ്പസിനുള്ളിൽ വ്യാപകമായി അടിമുടി തല്ലിത്തകർക്കുകയും ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതായി പൊലീസ് അറിയിച്ചെങ്കിലും, സർവകലാശാലാ അധികാരികൾ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
എന്നാൽ, കാമ്പസിൽ അത്തരത്തിലുള്ള യാതൊരുവിധ സംഭവങ്ങളും നടന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിലൂടെ സമാധാനാന്തരീക്ഷം തകർക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിക്കുകയാണെന്നുമാണ് സർവകലാശാലാ അധികാരികളുടെ ഔദ്യോഗിക വിശദീകരണം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കാമ്പസിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്നുള്ള പത്ത് ദിവസത്തേക്ക് സർവകലാശാല ക്ലാസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മിഡ്-ടേം പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.