പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയായ IDSFFK-ൽ പ്രദർശനാനുമതി വൈകിയ 31 ചിത്രങ്ങളിൽ 24 എണ്ണത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗികമായി അനുമതി നൽകി.
ചലച്ചിത്ര അക്കാദമി സമർപ്പിച്ച 347 ചിത്രങ്ങളിൽ 31 എണ്ണത്തിന് സെൻസർ ഇളവ് ലഭിക്കാത്തത് വലിയ ചർച്ചകൾക്കും ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ ചിത്രങ്ങൾക്ക് അനുമതി പൂർണ്ണമായി നിഷേധിച്ചിട്ടില്ലെന്നും വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയിലാണെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മേളയുടെ വേളയിൽ ഇതിൽ 24 ചിത്രങ്ങൾക്ക് അനുമതി ലഭിച്ച സന്തോഷം പങ്കുവെച്ചത്. ശേഷിക്കുന്ന ചിത്രങ്ങളുടെ അനുമതിക്കായുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.