കേരളത്തിന്‍റെ ഫുട്ബോൾ ആവേശത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിരിതെളിയും. വൈകുന്നേരം 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ് സി, ഫൈനലിസ്റ്റുകളായ തൃശൂർ മാജിക് എഫ് സിയെ നേരിടുന്നു. കഴിഞ്ഞ സീസണിന്റെ ആവർത്തനമായ ഈ ഉദ്ഘാടന മത്സരം ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു അങ്കമായിരിക്കുമെന്നുറപ്പാണ്.
റഷ്യൻ തന്ത്രജ്ഞനായ ആന്ദ്രേ ചെർണിഷോവിന്റെ പരിശീലനത്തിന് കീഴിലാണ് കണ്ണൂർ വാരിയേഴ്സ് ഇറങ്ങുന്നതെങ്കിൽ, ഡേവിഡ് കനേഡയാണ് തൃശൂർ മാജിക്കിന്റെ തന്ത്രങ്ങൾ മെെയ്യുന്നത്. കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് കണക്കുതീർക്കാനാണ് തൃശൂർ മാജിക് ഇന്ന് കളത്തിലിറങ്ങുന്നത്. പ്രമുഖ താരങ്ങളായ ആസിയർ ഗോമസ്, കമറുദ്ദീൻ എ.കെ തുടങ്ങിയവർ ഇരുനിരയിലും അണിനിരക്കുന്നുണ്ട്.
കളിയിലെ ആവേശം ചോരാതിരിക്കാൻ പുതിയ നിയമങ്ങളും ഇന്നത്തെ പ്രത്യേകതയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ സമനിലയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് ഉണ്ടായിരിക്കും. കൂടാതെ സെമിഫൈനൽ മത്സരങ്ങൾ ഹോം, എവേ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മാറ്റുകൂട്ടാൻ വൈകുന്നേരം 6 മണി മുതൽ വിവിധ കലാപരിപാടികളും, പ്രശസ്ത റാപ്പർ ഡബ്സിയുടെ ഹാഫ് ടൈം ലൈവ് പെർഫോമൻസും കണ്ണൂർ സ്റ്റേഡിയത്തിൽ അരങ്ങേറും.