Blog Post

Karanavars > News > Goverment > മഴയിൽ ചോർന്ന് ഒലിച്ച് തലശ്ശേരി ജനറൽ ആശുപത്രി; ദുരിതത്തിലായി രോഗികൾ

മഴയിൽ ചോർന്ന് ഒലിച്ച് തലശ്ശേരി ജനറൽ ആശുപത്രി; ദുരിതത്തിലായി രോഗികൾ

കണ്ണൂർ ജില്ലയിൽ മഴ വീണ്ടും ശക്തമായതോടെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ശക്തമായ മഴയെത്തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ടായ മേൽക്കൂര ചോർച്ച രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ദുരിതത്തിലാക്കി. ഇന്നലെ പെയ്ത കനത്ത മഴയിലാണ് ആശുപത്രി കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ വെള്ളം ചോർന്നൊലിച്ചത്.

വാർഡുകളിലേക്കും ഇടനാഴികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ രോഗികൾ കിടക്കകളിൽ പോലും വെള്ളം കയറാതിരിക്കാൻ പാടുപെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചികിത്സ തേടിയെത്തിയ സാധാരണക്കാരായ നിരവധി രോഗികളാണ് ഈ ദുരിതാവസ്ഥ മൂലം പ്രയാസപ്പെട്ടത്. അത്യാഹിത വിഭാഗത്തിന് സമീപമുള്ള പ്രദേശങ്ങളിലും ചില പ്രധാന വാർഡുകളിലുമാണ് ചോർച്ച രൂക്ഷമായി അനുഭവപ്പെട്ടത്. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്താത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരmമെന്ന് ആക്ഷേപമുയരുന്നുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ നിലനിൽക്കെ, കോടികൾ ചെലവഴിച്ചു നടത്തുന്ന ആരോഗ്യമേഖലാ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. അത്യാഹിത ഘട്ടങ്ങളിൽ പോലും ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ആശുപത്രി കെട്ടിടങ്ങളിലെ ചോർച്ച പരിഹരിക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. മഴക്കാലപൂർവ്വ ശുചീകരണവും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയോ എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പൊതുപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *