ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഇന്ന് കാറ്റിനും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തീവ്രന്യൂനമർദ്ദം ആന്ധ്രാപ്രദേശ് – ഒഡീഷ്യ തീരത്തേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിലും മഴ സജീവമായത്. ജാഗ്രതയുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റി മലയോര മേഖലകളിലുള്ളവരോട് ജാഗ്രതാ നിർദ്ദേശം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ തോതിൽ ഗതാത തടസ്സങ്ങൾ ഉണ്ടാവാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.