Blog Post

Karanavars > News > Cinema > മനം കവർന്ന സുഡാനി ഫ്രം നൈജീരിയയിലെ ‘ഉമ്മ’;  നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

മനം കവർന്ന സുഡാനി ഫ്രം നൈജീരിയയിലെ ‘ഉമ്മ’;  നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

മലയാള സിനിമയ്ക്കും നാടകലോകത്തിനും വലിയൊരു നഷ്ടമായി പ്രശസ്ത നടിയും നാടക പ്രവർത്തകയുമായ സാവിത്രി ശ്രീധരൻ വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരം പുലർച്ചെ കോഴിക്കോട് മാങ്കാവിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ ഇടംനേടിയ കലാകാരിയായിരുന്നു അവർ.

സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ഉമ്മയുടെ വേഷം അവതരിപ്പിച്ച് അവർ പ്രേക്ഷകരുടെ കണ്ണീരിലും കരളിലും ചേക്കേറി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും അവർ സ്വന്തമാക്കിയിട്ടുണ്ട്.

കോഴിക്കോടിന്റെ നാടകവേദികളിലൂടെയാണ് സാവിത്രി ശ്രീധരൻ തന്റെ അഭിനയ യാത്ര ആരംഭിക്കുന്നത്. കലിംഗ തിയേറ്റർ, ചിരന്തന, സംഗമം തുടങ്ങിയ പ്രമുഖ നാടകസമിതികളുടെ ഭാഗമായി ആയിരക്കണക്കിന് വേദികളിൽ അഭിനയിച്ചു. നാടക രംഗത്തെ സമഗ്ര സംഭാവനകൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.

എം.ടിയുടെ ‘കടവ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ, പിന്നീട് വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷമിട്ടു. നാടകത്തിന്റെ സുവർണ്ണകാലഘട്ടത്തെയും ഗ്രാമീണ തനിമയുള്ള ഉമ്മമാരെയും സിനിമയിലൂടെയും തനിമ ചോരാതെ അവതരിപ്പിച്ച സാവിത്രി ശ്രീധരന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. നിരവധി പ്രമുഖരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *