സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവ് വരാത്ത സാഹചര്യത്തിൽ ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈദ്യുതി ലഭ്യതയിൽ ഏകദേശം 500 മെഗാവാട്ടിന്റെ കുറവാണ് ഇന്ന് അനുഭവപ്പെടുന്നത്.
പല ജില്ലകളിലും മഴ തുടരുന്നുണ്ടെങ്കിലും വൈദ്യുതിയുടെ ആവശ്യകതയിൽ കാര്യമായ കുറവില്ലാത്തതാണ് പ്രധാന വെല്ലുവിളി. ദീർഘകാല കരാറുകൾ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 380 മെഗാവാട്ട് വൈദ്യുതിയും, മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് വൈദ്യുതിയും നിലവിൽ ലഭ്യമല്ല. കൂടാതെ, ദേശീയതലത്തിലുള്ള ഉൽപാദന കുറവും പവർ എക്സ്ചേഞ്ചിലെ പരിമിതികളും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
സാഹചര്യങ്ങൾ വിലയിരുത്തി ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെയുള്ള സമയത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി വിവിധ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഉപഭോഗം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണവും അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.