കോഴിക്കോട് നഗരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സൂപ്പർ ലീഗ് കേരള (SLK) ക്ലബ്ബായ കാലിക്കറ്റ് എഫ്സിയുടെ മിന്നും താരം റിജോൺ ജോസ് അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപത്തുവച്ചാണ് സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കും മറ്റൊരു വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ റിജോൺ ജോസ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹതാരവും പ്രമുഖ ഫുട്ബോൾ താരവുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗനി അഹമ്മദ് നിഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സിയുടെ സജീവ സാന്നിധ്യമായിരുന്ന ഇരുവരുടെയും അപകടവാർത്ത കേരളത്തിലെ ഫുട്ബോൾ ആരാധകരെയും സഹപ്രവർത്തകരെയും കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
ഫുട്ബോൾ കരിയറിലെ തിളക്കമാർന്ന കാലഘട്ടത്തിലൂടെ കടന്നപോകുന്നതിനിടയിലാണ് റിജോണിന്റെ അപ്രതീക്ഷിത വിയോഗം. മികച്ച ഫോമിൽ കളിക്കുന്നതിനിടയിലുണ്ടായ ഈ വേർപാട് മലബാറിന്റെ ഫുട്ബോൾ ലോകത്തിന് വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. റിജോണിന്റെ നിര്യാണത്തിൽ വിവിധ ക്ലബ്ബുകളും കായിക താരങ്ങളും അനുശോചനം രേഖപ്പെടുത്തി.