Blog Post

Karanavars > News > Court > ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ മജിസ്ട്രേറ്റ് ഉത്തരവ് വേണം; ഒക്ടോബർ 1 മുതൽ പുതിയ നിയമം

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ മജിസ്ട്രേറ്റ് ഉത്തരവ് വേണം; ഒക്ടോബർ 1 മുതൽ പുതിയ നിയമം

രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കുറ്റമറ്റതും കർശനവുമാക്കുന്നു. പുതിയ ജനന-മരണ രജിസ്ട്രേഷൻ നിയമം ഒക്ടോബർ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. വ്യാജ അപേക്ഷകളും കൃത്രിമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നിയമം കടുപ്പിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ (DM) സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ (SDM) അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പ്രത്യേക ഉത്തരവ് ആവശ്യമാണ്. എന്നാൽ രണ്ട് വർഷത്തിലധികം വൈകുന്ന രജിസ്ട്രേഷനുകൾക്ക് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ അനുമതി ഇനി മതിയാകില്ല. രണ്ട് വർഷം കഴിഞ്ഞുള്ള അപേക്ഷകൾക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കൃത്യമായ ഉത്തരവും സമഗ്രമായ പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.

സാധാരണ പോലെ 21 ദിവസത്തിനുള്ളിൽ നടത്തുന്ന രജിസ്ട്രേഷൻ നടപടികളിൽ യാതൊരു മാറ്റവുമില്ല. എന്നാൽ വിവരങ്ങൾ വർഷങ്ങളോളം വൈകിപ്പിച്ച് വ്യാജ രേഖകൾ നിർമ്മിച്ച് ആനുകൂല്യങ്ങളും പൗരത്വ അവകാശങ്ങളും നേടിയെടുക്കുന്ന പ്രവണത പൂർണ്ണമായും തടയുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

ജനന-മരണ സർട്ടിഫിക്കറ്റുകൾ പൗരന്മാരുടെ സുപ്രധാനമായ നിയമപരമായ ഐഡന്റിറ്റിയാണെന്നിരിക്കെ, കൃത്യസമയത്ത് വിവരങ്ങൾ രേഖപ്പെടുത്താൻ പൗരന്മാരെ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഇനി വൈകിയുള്ള സർട്ടിഫിക്കറ്റ് തരപ്പെടുത്തലുകൾക്ക് കോടതി കയറേണ്ടി വരുമെന്ന് വ്യക്തമാണ്.

Leave a comment

Your email address will not be published. Required fields are marked *