Blog Post

Karanavars > News > crime > അളവിൽ കവിഞ്ഞ വിദേശമദ്യം: റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

അളവിൽ കവിഞ്ഞ വിദേശമദ്യം: റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

നിയമപരമായി സൂക്ഷിക്കാവുന്നതിലും കവിഞ്ഞ അളവില്‍ വിദേശമദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ കല്‍പറ്റ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ തുടര്‍നടപടികള്‍ക്കായി വയനാട്ടിലേക്ക് കൊണ്ടുപോയി.

വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ തറവാട്ടു വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിനിടെയാണ് അളവില്‍ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്തത്. എക്സൈസ് എഫ്.ഐ.ആറും ഒക്കറന്‍സ് റിപ്പോര്‍ട്ടും പ്രകാരം വ്യക്തിഗത കൈവശാവകാശ പരിധി ലംഘിച്ച് 67 ലിറ്ററിലധികം മദ്യമാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഇതില്‍ 43 ലിറ്ററോളം വിദേശ നിര്‍മിത മദ്യവും വന്‍തോതില്‍ വൈനും ഉള്‍പ്പെടുന്നു. ലിറ്ററിന് വലിയ വിലവരുന്ന വിദേശമദ്യ ശേഖരവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം.

അബ്കാരി നിയമത്തിലെ കടുത്ത വകുപ്പുകളാണ് ആന്റോ അഗസ്റ്റിനെതിരെ ചുമത്തിയിട്ടുള്ളത്. നിയമവിരുദ്ധമായി മദ്യം കൈവശം വെക്കുക, കടത്തുക (വകുപ്പ് 55എ), അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിക്കുക (വകുപ്പ് 55ഐ), നികുതി വെട്ടിച്ചുള്ള മദ്യശേഖരണം (വകുപ്പ് 58) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് എക്‌സൈസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് പത്തുവര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലും വയനാട്ടിലുമായി ആന്റോ അഗസ്റ്റിന്റെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വയനാട്ടിലെ വീട്ടില്‍ നിന്നും അനധികൃത മദ്യശേഖരം കണ്ടെടുത്തതും തുടര്‍നടപടികള്‍ ഉണ്ടായതും. വൈദ്യപരിശോധനകള്‍ക്ക് ശേഷം പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *