തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും, മൃഗങ്ങളുടെ സ്വാഭാവിക ജീവിതം ഉറപ്പാക്കാൻ അവയെ നെയ്യാർ പോലുള്ള വനമേഖലയോട് ചേർന്ന് നിൽക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് തിരുവനന്തപുരത്ത് നടന്ന ‘റി-ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രി തന്റെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
നഗരത്തിരക്കിൽ മൃഗങ്ങളെ കൂട്ടിലിട്ട് വളർത്തുന്നത് അവയോടുള്ള ക്രൂരതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്ക് അവരുടേതായ സ്വതന്ത്രമായ വാസസ്ഥലം ആവശ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മൃഗശാല യാഥാർത്ഥ്യമാക്കുക എന്നത് തന്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വികസന കാഴ്ചപ്പാടുകൾ മാറ്റിയെഴുതുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സ്ഥലം ഉൾപ്പെടുത്തി തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ മാതൃകയിലുള്ള കെയർ ഗിവിങ് കോഴ്സുകൾ അടക്കമുള്ള മറ്റ് ജനക്ഷേമ പദ്ധതികളും ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.