Blog Post

Karanavars > News > Economy > സവാളയ്ക്ക് പൊള്ളുന്ന വില; ഒരാഴ്ചയ്ക്കിടെ കൂടിയത് 30 രൂപ

സവാളയ്ക്ക് പൊള്ളുന്ന വില; ഒരാഴ്ചയ്ക്കിടെ കൂടിയത് 30 രൂപ

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 30 രൂപയോളമാണ് വർധിച്ചത്. മഹാരാഷ്ട്രയിലെ നാസിക്, കർണാടക തുടങ്ങിയ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധനയും, മൊത്തവ്യാപാരികളുടെ വലിയതോതിലുള്ള സംഭരണവും കാരണം കേരളത്തിൽ സവാള വില കിലോയ്ക്ക് 58 രൂപ മുതൽ 80 രൂപ വരെയായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൃഷിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വലിയ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കിയതോടെ, കൃഷിവകുപ്പിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം അടിയന്തര വിപണി ഇടപെടലിന് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (എൻ.സി.സി.എഫ്.) നിന്ന് 100 ടൺ സവാള സംഭരിച്ച് സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് എത്തിക്കാനാണ് തീരുമാനം.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴിയും മൊബൈൽ യൂണിറ്റുകൾ വഴിയും കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിതരണം സജീവമായി നടക്കുന്നുണ്ട്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ ഉയർന്ന വില രേഖപ്പെടുത്തിയ വിപണികൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയത്. ഓണത്തിനുശേഷവും പച്ചക്കറി വില കുറയാതെ നിന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നിർണായക ഇടപെടൽ നടത്തിയത്. വിപണിയിലെ ചൂഷണം തടയാൻ കർശന നിരീക്ഷണം തുടരുമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *