Blog Post

Karanavars > News > Economy > യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍; പവര്‍കട്ട് ഒഴിവാക്കാന്‍ അടിയന്തര നീക്കം

യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍; പവര്‍കട്ട് ഒഴിവാക്കാന്‍ അടിയന്തര നീക്കം

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും ലോഡ് ഷെഡിങ്ങിനും താല്‍ക്കാലിക പരിഹാരമായി പുറത്തുനിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യൂണിറ്റിന് പരമാവധി 30 രൂപ വരെ നല്‍കി വൈദ്യുതി എത്തിക്കാനാണ് കെഎസ്ഇബിക്ക് (KSEB) ലഭിച്ചിരിക്കുന്ന പുതിയ നിര്‍ദേശം. ഇന്ന് തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ പവര്‍ സപ്ലൈ സംസ്ഥാനത്ത് ലഭ്യമായി തുടങ്ങും.

വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയും പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടെ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം എന്നിവര്‍ നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിപിസിയുടെ (NTPC) രത്നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും.

നിലവില്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെ വിലയ്ക്ക് വൈദ്യുതി വാങ്ങാനേ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയുള്ള ഈ നടപടി. എന്‍ടിപിസിക്ക് പുറമെ ഒഡിഷയില്‍ നിന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും യഥാക്രമം 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങുന്നതിനും വാക്കാല്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് ഉപഭോഗം കുത്തനെ കൂടിയ ദിവസങ്ങളില്‍ 800 മെഗാവാട്ടോളമാണ് പുറത്തുനിന്ന് കൂടുതലായി ആവശ്യമായി വരുന്നത്. ഇതില്‍ 600 മെഗാവാട്ട് ഉറപ്പാക്കാന്‍ സാധിച്ചാല്‍ ബാക്കി വരുന്ന കുറവ് തത്സമയ വിപണി വഴി പരിഹരിച്ച് ലോഡ് ഷെഡിങ് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

Leave a comment

Your email address will not be published. Required fields are marked *