Blog Post

Karanavars > News > Career > ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക വഴിതിരിവ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കേരള പിഎസ്‌സി അംഗങ്ങൾ. ഭരണഘടനാ പദവിയുടെ പ്രോട്ടോക്കോൾ ചൂണ്ടിക്കാണിച്ചാണ് ഇന്ന് പിഎസ്‌സി അംഗങ്ങളുടെ ഈ സുപ്രധാന തീരുമാനം. ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഉന്നതതലത്തിലേക്ക് വ്യാപിപ്പിച്ചത്. ഇതിന്റെ ഭാഗമായി പിഎസ്‌സി ചെയർമാൻ എം.ആര്‍. ബൈജുവിനെയും മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 15 മുതൽ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. എന്നാൽ പ്രോട്ടോക്കോൾ പ്രകാരം അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി ഓഫീസിലെത്തി മൊഴിയെടുക്കാമെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതേസമയം, ചോദ്യം ചെയ്യേണ്ട സ്ഥലം തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ഭരണഘടനാ സ്ഥാപനമെന്നതിനാൽ ക്രിമിനൽ നടപടികളിൽ പ്രത്യേക പരിരക്ഷ ലഭിക്കില്ലെന്നുമാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിഷയത്തിൽ കടുത്ത പ്രതിസന്ധിയും ആശയക്കുഴപ്പവും നിലനിൽക്കുന്നതിനാൽ, സർക്കാർ തലത്തിലും നിയമവൃത്തങ്ങളിലും ഇത് വലിയ ചർച്ചയായിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥതലത്തിലെ പിഴവുകളോ ഗൂഢാലോചനയോ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *