Blog Post

Karanavars > News > ED > മന്ത്രി സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ED റെയ്ഡ്; കോടികളുടെ വിദേശ നിക്ഷേപവും കൈക്കൂലി ഇടപാടും പുറത്ത്

മന്ത്രി സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ED റെയ്ഡ്; കോടികളുടെ വിദേശ നിക്ഷേപവും കൈക്കൂലി ഇടപാടും പുറത്ത്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർക്കിഹോളിക്കും കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ പുറത്തു വന്നു. ബെംഗളൂരു, ബെളഗാവി, ഗോകക് ഉൾപ്പെടെയുള്ള 21 ഇടങ്ങളിൽ കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി  ED ഉദ്യോഗസ്ഥർ ഒരേസമയം പരിശോധനകൾ നടത്തിയിരുന്നു.

കരാറുകാരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തി സ്വർണ്ണ ഖനികളിൽ നിക്ഷേപിച്ചു എന്നാണ് പ്രധാന ആരോപണം. കോൺഗ്രസ് എം.പിയായ മകൾ പ്രിയങ്ക ജർക്കിഹോളി, മകൻ രാഹുൽ ജർക്കിഹോളി, ബന്ധുക്കൾ എന്നിവരുടെ പേരിൽ കോംഗോ, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഖനന കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മന്ത്രി സതീഷ് ജർക്കിഹോളിക്ക് കോംഗോയിലെ ഒരു സ്വർണ്ണ ഖനിയിൽ 40 ശതമാനത്തോളം നിക്ഷേപമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

പരിശോധനയിൽ കണക്കിൽപ്പെടാത്ത 3.3 കോടി രൂപയും, 15 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ നാണ്യങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സർക്കാർ കരാറുകൾ ഒപ്പുവെക്കാൻ സ്വകാര്യ കമ്പനികളിൽ നിന്നും വൻതോതിൽ കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും ED വ്യക്തമാക്കി.

എന്നാൽ, പിടിച്ചെടുത്ത പണം തങ്ങളുടെ കുടുംബത്തിന്റേതാണെന്നും അതിനുള്ള കൃത്യമായ കണക്കുകൾ കൈവശമുണ്ടെന്നും മന്ത്രി സതീഷ് ജർക്കിഹോളി പ്രതികരിച്ചു. വിദേശ നിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നോട്ടീസ് ലഭിക്കുമ്പോൾ വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ റെയ്ഡുകൾ നടത്തുന്നതെന്ന് കർണാടക സർക്കാരും ആരോപിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *