എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ ഇന്ന് കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചില പ്രതികളെ മാത്രം സർക്കാർ ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിക്കുകയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് മനഃപൂർവം വൈകിപ്പിക്കുന്ന നടപടിയെ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ശക്തമായി ചോദ്യം ചെയ്തു. കോടതിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഫയലുകളിൽമേൽ സമയബന്ധിതമായി നടപടിയെടുക്കാത്തത് ശരിയല്ലെന്നും, തുടർച്ചയായി വീഴ്ച വരുത്തുന്നത് ഭരണപരമായ വീഴ്ചയല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ ഉത്തരവിനെ തുടർന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകി. കേസിൽ ആവശ്യമായ നടപടികൾ ഒരു ആഴ്ചയ്ക്കകം സ്വീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയ ഹൈക്കോടതി, ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18-ലേക്കു മാറ്റി.