സിഎംആര്‍എൽ – എക്സാലോജിക് മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് (പി.സി. ആക്ട്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി ഔദ്യോഗികമായി കത്ത് നൽകിയത് ഇന്നലെയാണ് .
സേവനങ്ങളൊന്നും നൽകാതെ സിഎംആര്‍എല്ലിൽ നിന്ന് എക്സാലോജിക് കമ്പനി വഴി കോടികളുടെ അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കോഴയായി 3.28 കോടി രൂപ ലഭിച്ചതായും, ഇതിൽ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും 25 പേജുള്ള ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ നിർണായക തെളിവായി ‘റെഡ് ഡയറിയും’ കൈയക്ഷരത്തിലുള്ള കുറിപ്പുകളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഹവാല ചാനലുകൾ വഴി വൻതോതിൽ പണം കടത്തിയതുമായി ബന്ധപ്പെട്ട രേഖകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി അവകാശപ്പെടുന്നു.
എന്നാൽ, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ കള്ളക്കേസെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പിണറായി വിജയനും എൽഡിഎഫ് നേതൃത്വവും ശക്തമായി പ്രതികരിച്ചു. ഇഡിയുടെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് സ്വീകരിക്കുന്ന തുടർനടടപികൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.