പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസി നടപടി കടുപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം ഇഡി പുതിയ കേസെടുത്തു. വധശ്രമക്കേസിൽ പിഎംഎൽഎ നിയമം ചുമത്തുന്നത് കേരളത്തിൽ ഇതാദ്യമായാണ്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ സ്വകാര്യ വസതിയിൽ നടന്ന റെയ്ഡിനിടയിലും തുടർന്നുമാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞ മെയ് 27നാണ് റെയ്ഡ് കഴിഞ്ഞ് കാറിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഈ സംഭവത്തിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ മുഴുവൻ പ്രതികളെയും ഇഡിയുടെ പുതിയ കേസിലും പ്രതികളാക്കിയിട്ടുണ്ട്. പൊലീസ് കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചതിലും, അന്വേഷണം ഗൂഢാലോചനയിലേക്ക് നീളാത്തതിലും ഇഡിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കേന്ദ്ര ഏജൻസി നേരിട്ട് ഏറ്റെടുത്തത്.
റെയ്ഡിനിടെയുണ്ടായ ഈ അതിക്രമം കള്ളപ്പണക്കേസിലെ അന്വേഷണം അട്ടിമറിക്കാനും തടസ്സപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. അന്വേഷണം നേരിടുന്നവരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ സംഭവത്തിൽ ഇഡിയുടെ പുതിയ നീക്കം രാഷ്ട്രീയമായി കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.