സംസ്ഥാനത്ത് വേനൽക്കാലത്തെ വെല്ലുന്ന രീതിയിൽ ചൂടും അസ്വസ്ഥതയും വർദ്ധിക്കുന്നു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതും മഴയിൽ ഗണ്യമായ കുറവുണ്ടായതുമാണ് അന്തരീക്ഷ താപനില ഉയരാൻ പ്രധാന കാരണം. സംസ്ഥാനത്ത് പലയിടത്തും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അധികമായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയർന്ന നിലയിലായിരുന്നു. കോട്ടയം, പുനലൂർ തുടങ്ങിയ ഇടങ്ങളിൽ താപനില സാധാരണയേക്കാൾ വളരെ ഉയർന്നതായി രേഖപ്പെടുത്തി. മഴയുടെ ലഭ്യത കുറയുന്നതും അന്തരീക്ഷത്തിലെ ഈർപ്പക്കൂടുതലും കാരണം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരും നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും, പരമാവധി ജലാംശം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ശീലമാക്കാനും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.