Blog Post

Karanavars > News > Career > ഐഎസ്ആർഒയിൽ കൂട്ട കൊഴിഞ്ഞുപോക്ക് പ്രതിസന്ധി; 1400 ഒഴിവുകളിലേക്ക് നിയമനം

ഐഎസ്ആർഒയിൽ കൂട്ട കൊഴിഞ്ഞുപോക്ക് പ്രതിസന്ധി; 1400 ഒഴിവുകളിലേക്ക് നിയമനം

ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കും ജീവനക്കാരുടെ കടുത്ത കുറവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) വൻതോതിലുള്ള നിയമന നടപടികളിലേക്ക് കടക്കുന്നു. രാജ്യത്തിന്റെ അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ള തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബഹിരാകാശ വകുപ്പാണ് അടിയന്തര നിർദേശം നൽകിയിരിക്കുന്നത്.

ശാസ്ത്രജ്ഞരുടേതുൾപ്പെടെയുള്ള പ്രധാന തസ്തികകളിലെ 1400-ഓളം ഒഴിവുകൾ നികത്താനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവാണ് ഇന്ന് ഐഎസ്ആർഒ നടപ്പിലാക്കുന്നത്. ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യം, ചന്ദ്രയാൻ-4 തുടങ്ങിയ അതിനിർണായക പദ്ധതികൾക്ക് തയ്യാറെടുക്കുന്ന ഐഎസ്ആർഒയ്ക്ക് ജീവനക്കാരുടെ ഈ കുറവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ സ്റ്റാർട്ടപ്പുകളുടെ സ്വാധീനവും മെച്ചപ്പെട്ട ശമ്പള പാക്കേജുകളും തേടി നിരവധി ശാസ്ത്രജ്ഞർ സ്ഥാപനം വിട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിവിധ വിഭാഗങ്ങളിലായി അയ്യായിരത്തോളം ജീവനക്കാരുടെ കുറവുള്ളതിൽ, ശാസ്ത്ര-സാങ്കേതിക രംഗത്ത് മാത്രം രണ്ടായിരത്തോളം പേരുടെ നിയമനം അടിയന്തരമായി ആവശ്യമുണ്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കും ശാസ്ത്രജ്ഞർ, എൻജിനീയർമാർ എന്നിവരുടെ ഒഴിവുകളിലേക്കുമുള്ള ഔദ്യോഗിക വിജ്ഞാപനങ്ങൾ വകുപ്പ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ നിയമന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ശമ്പള വ്യവസ്ഥകൾ ആകർഷകമാക്കാനും, മികച്ച പ്രതിഭകൾക്ക് വേഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്ന ‘കാഡർ റിവ്യൂ’ ഉൾപ്പെടെയുള്ള പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *