സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലേക്ക്. ഇന്ന് കേരളത്തിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഭേദിച്ച് 5045 മെഗാവാട്ടിൽ എത്തിനിൽക്കുന്നു. സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണിത്.
സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 9.539 കോടി യൂണിറ്റായി ഉയർന്നു. എന്നാൽ ഇതിൽ 2.682 കോടി യൂണിറ്റ് വൈദ്യുതി മാത്രമാണ് കേരളത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. ബാക്കി വരുന്ന വലിയൊരു ശതമാനം വൈദ്യുതിക്കായ പുറത്തുനിന്നുള്ള പവർ എക്സ്ചേഞ്ചുകളെയും കേന്ദ്ര നിലയങ്ങളെയും ആശ്രയിക്കേണ്ടുന്ന നിർണായക സാഹചര്യത്തിലാണ് കെഎസ്ഇബി (KSEB).
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുകയും, അവിടെ ചൂടും വൈദ്യുതി ഉപഭോഗവും കുറയുകയും ചെയ്താൽ മാത്രമേ എക്സ്ചേഞ്ചുകൾ വഴി കേരളത്തിലേക്ക് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകൂ. ഉത്തരേന്ത്യയിലെ കാലാവസ്ഥ അനുകൂലമായി മാറി വൈദ്യുതി ലഭ്യത സുഗമമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബിയും സർക്കാരും. കടുത്ത പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോഗം നിയന്ത്രിക്കണമെന്നും പീക് സമയത്ത് (വൈകീട്ട് 6 നും രാത്രി 12 നും ഇടയിൽ) വൈദ്യുതി പരമാവധിമിതമായി ഉപയോഗിക്കണമെന്നും ബോർഡ് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.