Blog Post

Karanavars > News > Accident >  തൃശൂർ ദേശീയപാതയിൽ വൻ അപകടം: 8 വിദ്യാർത്ഥികൾ മരിച്ചു

 തൃശൂർ ദേശീയപാതയിൽ വൻ അപകടം: 8 വിദ്യാർത്ഥികൾ മരിച്ചു

തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ എട്ട് തമിഴ്നാട് സ്വദേശികളായ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ അർദ്ധരാത്രിയോടെ (വെള്ളിയാഴ്ച രാത്രി 11.50-ഓടെ) കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ, റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. കാറിലുണ്ടായിരുന്ന ഡിണ്ടിഗൽ പി.എസ്.എൻ.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളുടെ പുറത്തെടുത്തത്. ഏഴ് പേർ സംഭവസ്ഥലത്തുതന്നെയും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ സൂര്യ (20), യുവസഞ്ജിത് (20), ജോഷ്വ (20), സന്തോഷ് (20), വിശ്വം (20), പ്രസന്ന തുടങ്ങിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേശീയപാതയിലെ അനധികൃത ലോറി പാർക്കിംഗും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവുമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ ദാരുണ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Leave a comment

Your email address will not be published. Required fields are marked *