തുടർച്ചയായ കനത്ത മഴയെ തുടർന്ന് നേപ്പാളിലെ പ്രമുഖ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതായി റിപ്പോർട്ട്. സുൻ കോശി, ബുധി ഗണ്ഡകി, മഹാകാളി എന്നീ നദികളിലെ ജലനിരപ്പാണ് മുന്നറിയിപ്പ് പരിധി കടന്നിരിക്കുന്നത്. രാജ്യത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സിന്ധുലി ജില്ലയിലെ സുൻ കോശി നദി, ഗൂർഖയിലെ ബുധി ഗണ്ഡകി നദി, ദഡൽധുരയിലെ മഹാകാളി നദി എന്നിവയാണ് പ്രധാനമായും അപകടാവസ്ഥയിലുള്ളത്. കൂടാതെ ബാഗ്മതി, ഗണ്ഡകി, കോസി പ്രവിശ്യകളിൽ വരുംദിവസങ്ങളിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നദികളുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത ലഘൂകരണ മാനേജ്മെന്റ് അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളതിനാൽ നദീതീരത്തുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കനത്ത മഴയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകാനിടയുള്ള മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
നേപ്പാളിലെ നിലവിലെ ഈ ഴക്കെടുതി സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരും നദീതീരവാസികളും പൂർണ്ണമായും ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം ഓർമ്മിപ്പിക്കുന്നു. നദീതീരങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ദുരന്തനിവാരണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.