ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ കടുത്ത ആശങ്ക പരത്തുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം സൈനിക നടപടികൾ ആഗോള വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുൻപ് സമാനമായ രീതിയിൽ ഉണ്ടായ ആക്രമണങ്ങളിൽ ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിഖാനന്ദ് ചൗരസ്യ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് ഉൾപ്പെടെയുള്ളവരെ കാണാതാവുകയും ചെയ്തിരുന്നു.
ഇന്നലെ ഒമാൻ തീരത്തിന് സമീപത്തുള്ള സമുദ്രപാതയിൽ വെച്ച് പുതിയ കപ്പലിന് നേരെ മിസൈൽ പതിച്ചതായി യുണൈറ്റഡ് കിങ്ഡം മരിടൈം ട്രേഡ് ഓപറേഷൻസ് (UKMTO) ഔദ്യോഗികമായി സ്ഥിരീകരിച്ചു. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും നാവികർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എങ്കിലും, മേഖലയിലൂടെയുള്ള ചരക്കുനീക്കം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. നൂറുകണക്കിന് കപ്പലുകളാണ് കടലിൽ നങ്കൂരമിട്ടിരിക്കുന്നത്.
അമേരിക്കയുടെയും ഇറാനുമായുള്ള സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഉപരോധം ലംഘിച്ച് എണ്ണക്കടത്തുന്നു എന്ന് ആരോപിച്ചാണ് പല കപ്പലുകളും ലക്ഷ്യമിടുന്നത്. കടലിലൂടെയുള്ള ചരക്കുനീക്കം സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ ഇടപെടലുകൾ വേണമെന്നാണ് സമുദ്ര നിരീക്ഷകരുടെ ആവശ്യം. ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് മേൽ കർശന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.